04:07pm 19 September 2026
NEWS
കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; പിന്നിൽ സാമ്പത്തിക തർക്കമോ?
18/09/2026  01:02 PM IST
nila
കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; പിന്നിൽ സാമ്പത്തിക തർക്കമോ?

കൊച്ചി: പാലാരിവട്ടത്ത് അന്യസംസ്ഥാനക്കാരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായി പൊലീസ്. കവർച്ചാ സംഘത്തിൽ മോഷണക്കേസിൽ പ്രതിയായ ഒരാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഘത്തിലെ അഞ്ചുപേരിൽ രണ്ടുപേർ ഒഴികെയുള്ളവർ മലയാളികളാണെന്നും പാലാരിവട്ടം പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സംഘത്തിലെ ഒരാൾക്ക് അന്യസംസ്ഥാനക്കാരായ താമസക്കാരുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. സംഭവത്തിന് പിന്നിൽ മുൻപരിചയവും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കവും ഉണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെയാണ് ഞെട്ടിക്കുന്ന കവർച്ച നടന്നത്. കൈതോത്ത് ലെയിനിലെ ചന്ദ്രമതിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഏഴംഗ സംഘമാണ് ആക്രമിക്കപ്പെട്ടത്. അസം നാഗോൺ സ്വദേശി ഫിസ്ദുൾ ഹഖ് (27), പശ്ചിമബംഗാൾ ഉത്തര ദിനാജ്പൂർ സ്വദേശികളായ രാജാ ബാബു (26), അർമാൻ അലി (23), ഇന്തസാർ (25), പശ്ചിമബംഗാൾ മാൽഡ സ്വദേശി തമ്മന്ന (23), നാദിയ സ്വദേശി സോമ കർമാക്കർ (24), അസം മോറിഗാവ് സ്വദേശി നൂറുൽ നെഹാർ (30) എന്നിവരാണ് കവർച്ചയ്ക്കിരയായത്.

അഞ്ചംഗ സംഘമാണ് കവർച്ചയ്ക്കെത്തിയത്. സംഭവം പുറത്തറിയാതിരിക്കാൻ വീട്ടിലെ വാതിലുകൾ അകത്ത് നിന്ന് പൂട്ടിയ സംഘം താമസക്കാരുടെ മൊബൈൽ ഫോണുകളും കൈവശപ്പെടുത്തി. തുടർന്ന് പേഴ്സുകളിലുണ്ടായിരുന്ന ഏകദേശം 1.2 ലക്ഷം രൂപയും എടിഎം കാർഡുകളും തിരിച്ചറിയൽ രേഖകളും കവർന്നു.

അർമാൻ അലിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം കൂടുതൽ പണം തട്ടിയെടുത്തത്. യുപിഐ വഴി രണ്ട് തവണയായി 12,000 രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിച്ചതായും പരാതിയിലുണ്ട്.

ഇതിനുപുറമെ നൂറുൽ നെഹറിന്റെ ഒരു പവൻ സ്വർണമാലയും തമ്മന്നയുടെ നാല് ഗ്രാം സ്വർണക്കമ്മലുകളും സംഘം കവർന്നു. കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെയാണ് തമ്മന്നയ്ക്ക് മുഖത്തടിയേറ്റത്.

കവർച്ചാ സംഘം സ്ഥലത്തെത്തിയതും മടങ്ങിയതും ഓൺലൈൻ ടാക്സി കാറുകളിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ യാത്രാ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഏകദേശം രണ്ട് മാസം മുമ്പാണ് ഏഴംഗ സംഘം ഈ വാടകവീട്ടിൽ താമസം തുടങ്ങിയത്. പൊന്നാരിമംഗലം ടോൾ പ്ലാസയിലെ ജീവനക്കാരും ഹോട്ടൽ തൊഴിലാളിയും സംഘത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വാടകവീട്ടിൽ താമസിച്ചിരുന്ന യുവതികളും പുരുഷന്മാരും തമ്മിലുള്ള ബന്ധങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അക്രമികളും വീട്ടിലെ താമസക്കാരും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കവർച്ചയിലേക്ക് നയിച്ചതാണോ എന്നതും പരിശോധിച്ചുവരികയാണ്.

പ്രതികളെ തിരിച്ചറിയുന്നതിനായി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img